1945-അന്നെനിക്ക് വയസ്സ് ആറ്. തമിഴ് നാട്ടിലെ നീലഗിരി ജില്ലയില്‍ വെല്ലിങ്ങ്ടണ്ണിലണ് അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. പിതാവ് അവിടെ ഒരു ഹോട്ടല്‍-ബിസ്മില്ല-നടത്തിവരികയായിരുന്നു. ഹോട്ടലിന്റെ മേല്‍നോട്ടം എന്റെ ജേഷ്ടനായിരുന്നു. ഹോട്ടലിലേക്കുള്ള പലഹാരങ്ങള്‍ വീട്ടിലുണ്ടാക്കും.അത് ഹോട്ടലിലെത്തിക്കുന്ന ജോലി എന്റേതായിരുന്നു.അതിന് എനിക്ക് രണ്ടണ കൂലി ലഭിക്കും. ഇന്നത്തെ പന്ത്രണ്ട് പൈസ! ഒന്നാം ക്ലാസ്സുകാരനായ എനിക്ക് അതു വലിയ സംഖ്യയായിരുന്നു.
ആ പ്രദേശത്ത് വൈദ്യുതി ഒരപൂര്‍വ്വ വസ്തുവായിരുന്നു അന്ന്. ഒരു ദിവസം ഞങ്ങളുടെ ഹോട്ടലില്‍ വൈദ്യുതി കണക്ഷന് ലഭിച്ചു.സ്വിച്ചിടുംബോള്‍ ലൈറ്റു കത്തുന്നതുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.സ്വൈച്ചീറ്റ് ലൈറ്റ് കത്തിക്കണമെന്ന വലിയ ആഗ്രഹമായി എനിക്ക്. ജേഷ്ടനോട് അത് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു- സ്വിച്ചിട്ടോളു. പക്ഷെ ഇന്നത്തെ കൂലി തരില്ല.! ലൈറ്റ് കത്തിക്കാനുള്ള ആഗ്രഹം കാരണം ഞാന്‍ കൂലി ഒഴിവാക്കി! വൈദ്യുതിയെ എന്റെ വിരല്‍ തുമ്പാല്‍ നിയന്ത്രിച്ച് ബള്‍ബ് പ്രകാശിപ്പിച്ചതിനാല്‍ സംതൃപ്തനായി ഞാന്‍ വീട്ടിലേക്കുപോയി.


